Ind disable

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

വരുവാനില്ലിനിയൊരു വിപ്ലവം


അര്‍ദ്ധരാത്രിയായിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അഞ്ചുവയസുകാരന്‍ മകനോട്‌, 

"മോനെന്താ ഉറങ്ങാത്തത്‌ ?" എന്നു ചോദിച്ചപ്പോള്‍ കഥ പറഞ്ഞു താ എന്നവന്‍ ചിണുങ്ങാന്‍ തുടങ്ങി.കഥയായ കഥകളൊക്കെ പറഞ്ഞു തീര്‍ന്നു പോയെന്നും പറയാന്‍ ബാക്കിയുള്ളത് കഥയല്ല ജീവിതമെന്നു പറഞ്ഞിട്ടും കഥ പറയാന്‍ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
 ഒരു കഥ കേള്‍ക്കാതെ അവനുറങ്ങില്ലത്രേ....
ഒരുപാട് കഥകള്‍ എഴുതാറുണ്ടെങ്കിലും മകന് ഏതു കഥ പറഞ്ഞുകൊടുക്കും... ? അവന് ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് വല്ല പാഠവും പഠിക്കാന്‍   കഴിയുമാറുള്ള ഒരു കഥയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു  .ഒരുപാട് കഥകള്‍ മനസിലൂടെ കടന്നു പോയി. പക്ഷേ,ഏതു കഥ പറയുമെന്നറിയാതെ  ഞാന്‍  ഉഴറി...

കുട്ടികള്‍ക്ക് വേണ്ടി ഒരു കഥയും എഴുതിയില്ലല്ലോ എന്നും , ഒരു ബാലപാഠം പോലും പറഞ്ഞു കൊടുക്കാന്‍ എന്നില്‍ ഒരു കഥയും  ബാക്കിയില്ലല്ലോ എന്നും ഖേദപൂര്‍വ്വം ഓര്‍ത്തു. 
നാടോടിക്കഥകളും ഫാന്റസി കഥകളും  മുത്തശ്ശിക്കഥകളും  ഇന്ന്  നാടുനീങ്ങിയിരിക്കുന്നല്ലോ .അവ വീണ്ടും ചികഞ്ഞെടുക്കുവാന്‍ ഇവിടെ ആര്‍ക്കും നേരമില്ലാതായിരിക്കുന്നു.ഒടുവില്‍  ആ പഴയ കഥ,  'നീലത്തില്‍ വീണ കുറുക്കന്റെ' കഥ തന്നെയാവട്ടെയെന്നു തീരുമാനിച്ചു .

  ഞാന്‍ ആ കഥ പറയാന്‍ തുടങ്ങി, "പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു കുറുക്കന്‍ ...."

 "വേണ്ട അച്ഛാ അത് വേണ്ട" ഇതൊക്കെ എത്രമാത്രം  കേട്ടിരിക്കുന്നു എന്ന ഭാവത്തോടെ  അവന്റെ  കുഞ്ഞുകൈകളെന്നെ വിലക്കി .

'ഈ കഥ വേണ്ട ...പുതിയ കഥ പറഞ്ഞാല്‍ മതി ' അവന്‍ വീണ്ടും ....

 പിന്നെ ഏതു കഥ പറയണമെന്ന   ചോദ്യത്തോടെ  ഞാന്‍ അവന്റെ മുഖത്തേക്ക് കണ്ണു മിഴിക്കവേ, അവന്‍ പറയാന്‍ തുടങ്ങി ' അച്ഛാ ..അച്ഛാ .. ഈ സ്ത്രീപീഡനമെന്നു  പറഞ്ഞാലെന്താ  ? ഈ ടീവി ചാനലിലൊക്കെ  കാണിക്കുന്ന പെന്‍വാണിഭമെന്നുമൊക്കെ  പറഞ്ഞാല്‍ എന്താ ?' അങ്ങനെയുള്ളത്  പറഞ്ഞുകൊടുക്കാന്‍ അവന്‍ ശാട്യംപിടിക്കാന്‍ തുടങ്ങി.

 ആദ്യം അവന്റെ ജിജ്ഞാസയില്‍ ഒന്ന്  അമ്പരന്നുവെങ്കിലും അവനോടു എന്തു പറയണമെന്നറിയാതെ ഞാന്‍ ഒന്ന് ചൂളിപ്പോയി. അതൊന്നും കഥകളല്ലെന്നും  യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അധപതനമാണെന്നുമുള്ള    വിചാരത്തില്‍ എനിക്കുണ്ടായ ലജ്ജയാല്‍ താഴ്ന്നുപോയ  എന്റെ മിഴികളിലെ മൌനം അവനെ നിശബ്ധനാക്കി. 

 പിന്നെ ഒന്നും ആവശ്യപ്പെടാതെ അവന്‍ തിരിഞ്ഞു കിടന്നുറങ്ങിപ്പോയി.  

പക്ഷേ,
അന്നു  രാത്രി  എന്റെ കണ്ണുകളെ  എത്ര മാത്രം ഇറുക്കിയടച്ചിട്ടും,  പീഡിപ്പിക്കപ്പെടുന്നവര്‍, പേരുകള്‍ നഷ്ട്ടപ്പെട്ടു അനാമികമാരായി തീര്‍ന്നവര്‍ , അവരുടെ ദേശത്തെ  തീരാദുഖത്തിലാഴ്ത്തിക്കൊണ്ട് കുപ്രസിദ്ധി നേടി കൊടുക്കുന്ന കഥകളിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ....   ഭീഭത്സമായ  രൂപത്താല്‍ എന്റെ കണ്ണുകള്‍ക്ക്  കുറുകെ വന്നു കറുത്ത  നിഴലാട്ടമാടാന്‍ തുടങ്ങി...
അവര്‍ക്കെല്ലാം ഒരേ മുഖമായിരുന്നു ...

ഏതോ  ദാരുണമായ ദുരന്തമേറ്റുവാങ്ങി  നിരാലംബരായിപ്പോയ പാവം മനുഷ്യരുടെ കഥ പറയുന്ന മാഗസിന്‍  കവര്‍  ചിത്രത്തിലെ ദയനീയതയില്‍ നിദ്രാവിഹീനമായ രാത്രികള്‍ എനിക്കു സമ്മാനിച്ചു കൊണ്ട് അവര്‍  നിറഞ്ഞാടി. അവരുടെ  ഭാഗങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു കൊണ്ട്‌ അവര്‍ പൊലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു....പിന്നീട് അവര്‍ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു....

അണഞ്ഞു പോയ വഴി വിളക്കുകള്‍ സാക്ഷി നിര്‍ത്തി ഇനിയൊരു  വിപ്ലവവും വരാനില്ലെന്ന്  ആരോ വിളിച്ചു പറയുന്നത് പോലെ എന്റെ കാതുകളില്‍ അവരുടെ  കരിച്ചില്‍ മുഴങ്ങികൊണ്ടിരുന്നു, ഞാനെന്റെ കൈകള്‍ 
കൊണ്ട് ചെവി രണ്ടും പൊത്തിപ്പിടിച്ചുവെങ്കിലും എന്റെ കാതുകളില്‍  അത് വീണ്ടും  അലയടിച്ചുകൊണ്ടേയിരുന്നു...

ഇരുട്ടില്‍ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ  ആ പഴയ ചുവന്ന കൊടികള്‍ക്ക്  ഇപ്പോള്‍  നിറം തീരെ മങ്ങിയിരിക്കുന്നു.  പണ്ട് കാഹളം മുഴക്കിയിരുന്ന  ഇന്കിലാബ്  വിളികളുടെ  പ്രതിധ്വനികള്‍ പോലും വലിയ വലിയ വന്‍ തോക്കുകളില്‍ തട്ടി നേര്‍ത്തു നേര്‍ത്ത്‌   ഇപ്പോള്‍ തീരെ  പ്രതിഫലിക്കാതായിരിക്കുന്നു...

 ഇനി  ഒന്നും തിരിച്ചു വരില്ലെന്നറിയാമായിരുന്നിട്ടും  ഞാന്‍ പ്രതീക്ഷകളോടെ  വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... നിദ്ര തഴുകാന്‍ ഇനി ഏതു കഥയാണ് ഓര്‍ത്തെടുക്കേണ്ടതെന്ന്  അപ്പോഴും എനിക്കു നിശ്ചയമില്ലായിരുന്നു. 
ഏതോ മധുരസ്വപ്നത്തിന്റെ  പുഞ്ചിരിയില്‍  നിഷ്കളങ്കമായി അടുത്തു കിടന്നുറങ്ങുന്ന  മകന്‍. പക്ഷേ നാളെയുടെ പ്രഭാതങ്ങളില്‍ അവര്‍ക്ക് നല്‍കുവാന്  പ്രകൃതി എന്താണ്  ഒളിപ്പിച്ചുവെച്ചതെന്ന് അറിയാതെ ആശങ്കയോടെ ഞാന്‍ കിടക്കുമ്പോഴും  പുറത്തെ വന്യമായ  ഇരുട്ടില്‍ നിഗൂഡമായ ഒരു ചിരി കനത്തു വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.



2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

നൂറുകവിത  പോരേയെന്ന്
നൂറുവട്ടം ചോദിച്ചതാ  ഞാന്‍ ..
നൂറ്റിയൊന്ന് തന്നെ വേണമെന്നും
എന്നാലെ സമാഹാരം
പൂര്‍ത്തിയാവുയെന്നു പത്രാധിപര്‍ക്ക്
ഒരേ നിര്‍ബന്ധം


എത്രവട്ടമെഴുതിയീട്ടും
എത്രമാത്രം  വെട്ടിയും 
തിരുത്തിയുമെഴുതിയീട്ടും
എന്തോ നൂറ്റിയൊന്നാമത്തെ
കവിത മാത്രം ശരിയാവുന്നില്ല


അവസാനം
ഞാന്‍ എന്നെ തന്നെ
പകര്‍ത്തിയെടുത്തു
നൂറ്റിയൊന്നു  കവിതകള്‍  തികച്ചു


---------------
പത്രാധിപര്‍
നാടുകടത്താന്‍ വിധിച്ചു
ചവറ്റുകൂനയില്‍ തള്ളിയ
കവിതകളില്‍ നിന്നും
കഥകളില്‍ നിന്നും
എന്തിനു
അതിലെ വരികളില്‍ നിന്നുപോലും
ജീവിക്കുന്ന കഥാപാത്രങ്ങളിലില്‍
നിന്നു  ഊര്‍ന്നുവീഴുന്ന
കണ്ണുനീരിന്നു  ഒരേ നിറമായിരുന്നു 
'ചുവപ്പ്നിറം' 



NB:എല്ലാവര്ക്കും ഓണാശംസകള്‍