Ind disable

2011, ജൂൺ 13, തിങ്കളാഴ്‌ച

മരം പെയ്യുന്നു

ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ 
ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ
ചിറകുകള്‍ക്ക്
അതീതമാണ്.

2011, ജൂൺ 8, ബുധനാഴ്‌ച

നമ്മള്‍ (കവിത )



ഞാനും നീയും
ഇരുട്ടിന്റെ തടവറയില്‍
നിഴല്‍ രൂപങ്ങളായിരുന്നു .

എന്നാല്‍ ,
സ്വാതന്ത്ര്യത്തിന്റെ ലഹരിയിലുന്മത്തരായി
വെള്ളി വെളിച്ചത്തിലേക്കിറങ്ങിത്തിരിച്ചവര്‍
നമ്മള്‍ !
നാല് ധ്രുവങ്ങളിലേക്ക് നീങ്ങി
നാല് സമതലങ്ങള്‍ക്ക് വേണ്ടി പട പൊരുതുന്നു.


'സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം' !

കറുപ്പും വെളുപ്പും കൊണ്ട് ചുവന്നുപോയൊരു പതാക
അന്തമില്ലാത്ത ആകാശത്ത് വെറുതെ പാറുന്നു.

ഇതിന്നിടയില്‍,
നീയെന്നെ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ നിന്നെ മറന്നു പോയിരിക്കും
പിന്നീടെപ്പോഴെങ്കിലും ഞാനെന്റെ --
ഓര്‍മ്മചെപ്പില്‍ നിന്നെ തിരയുമ്പോള്‍
നീ സ്വയമൊരു മുഖം മൂടി ധരിച്ചിരിക്കും .

പക്ഷേ ,
ആറടിയുടെ
അഗാധതയിലെ
അനുഭവങ്ങളുടെ സമത്വ-
ഭാവങ്ങള്‍ നമ്മെ
സമന്മാരാക്കുമെങ്കിലും
തമ്മില്‍ തമ്മിലുള്ള
പോരാട്ടം തുടരുക തന്നെ ചെയ്യും

ചിലപ്പോള്‍ ഇത്
വിശുദ്ധ യുദ്ധമെന്നോ ?
വര്‍ഗ്ഗ സമരമെന്നോ ?
വിശേഷിപ്പിച്ചു അവശേഷിപ്പിച്ചേക്കാം
ചരിത്രത്തിന്റെ ചുമരെഴുത്തില്‍...!